ഒരു നിരീശ്വരവാദിയുടെ മനോവ്യഥ
അയാള്‍ എ.സി റൂമിലെ കട്ടിയുള്ള പുതപ്പിനുള്ളിലേക്ക് ഉൾവലിഞ്ഞു. ഇന്നു താൻ ചെയ്ത ഗംഭീര പ്രസംഗത്തെ കുറിച്ച് ഓർത്തങ്ങനെ കിടന്നു. തന്റെ മൂർച്ചയുള്ള വാക്കുകൾ സാകൂതം ശ്രവിച്ചുനിന്ന ജനസാഗരത്തെയോർത്തു അയാൾ അഭിമാന പുളകിതനായി. "എന്തു ദൈവം?.. ഏതു കാരുണ്യവാൻ?.. എവിടെയാണ് ഇവർ പറയുന്ന ആ ദൈവത്തിന്റെ കാരുണ്യം?.. ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുകയും, മനുഷ്യനെ പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്ന രംഗം ഒരു ഭാഗത്ത്., രോഗംകൊണ്ടും പട്ടിണികൊണ്ടും വീർപ്പു മുട്ടുന്ന കോടിക്കണക്കിന് മനുഷ്യ ജന്മങ്ങൾ മറ്റൊരു ഭാഗത്ത്. ലോകത്ത് അനുസ്യൂതം ഇത് നടന്നുകൊണ്ടിരിക്കുന്നു. സോമാലിയയിലേക്കും മറ്റും നോക്കൂ.., കരളലിയിക്കുന്ന കാഴ്ച്ചകളല്ലേ നമുക്കവിടെ കാണാൻ സാധിക്കുന്നത്?. ഇതെല്ലാം കണ്ടു കയ്യുംകെട്ടി നിൽക്കുന്ന ദൈവത്തിനെ നമുക്കെന്തിന്?.. ചിന്തിക്കൂ സുഹൃത്തുക്കളെ.." ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ തൊടുത്തു വിടുന്നതിനിടയിൽ ഇടയ്ക്കിടെ വേദിയിലിരിക്കുന്ന തന്റെ സഹപ്രവർത്തകരിലേക്ക് മുഖം തിരിക്കുമ്പോൾ 'ഉം... കസർത്തൂ.. കസർത്തൂ..' എന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അവരുടെ ആംഗ്യചേഷ്ടകൾ മനോമുകുരത്തിൽ ഒരായിരം തവണ മിന്നിത്തിളങ്ങി. അയാളേറെ അഭിമാനിച്ചു. മനസ്സങ്കൽപ്പങ്ങൾ അനേകം വർണ്ണച്ചിറകുകൾ വിടർത്തി പാറിപ്പരിലസിച്ചു നടക്കവെ, മുട്ടൻവടി കണ്ട നായയെപോലെ പെട്ടെന്നായിരുന്നു ചിന്തകൾ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞോടിയത്.
തന്റെ പ്രസംഗത്തില്‍ താന്‍പറഞ്ഞ ആ വരികൾ അയാള്‍ ഒന്നുകൂടി ഓര്‍ത്തെടുത്തു. ഓർമ്മയിലെ താൻ കണ്ട പട്ടിണിക്കോലങ്ങൾ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു. അയാൾ വേദനയോടെ ചിന്തിച്ചു,.. എന്തിനീ ജന്മങ്ങൾ?., ഇവർക്കൊരു രക്ഷാമാർഗ്ഗം എവിടെകിട്ടും!. ആരു നൽകും?. ജീവിതം ഭുജിച്ചും സുഖിച്ചും തീര്‍ക്കുന്നവര്‍ ഒരു ഭാഗത്തുണ്ട്. കട്ടും കവര്‍ന്നും സമ്പാദിച്ചു കൂട്ടുന്നവരുണ്ട്. തെളിവ് നശിപ്പിച്ചും, സ്വാധീനമുപയോഗിച്ചും ശിക്ഷിക്കപ്പെടാതെ വിലസുന്നവരുണ്ട്. ഇനി ശിക്ഷിക്കപ്പെട്ടാല്‍ പോലും അവരർഹിക്കുന്ന ശിക്ഷ നൽകാൻ സാധിക്കുന്നുണ്ടോ?.. അങ്ങനെയെങ്കിൽ ഇതിനെല്ലാം പൂർണ്ണമായ ഒരു നീതിന്യായം ഒരിക്കലും നടക്കാത്ത ഒരു സംഗതിയായിത്തന്നെ ഇവിടെ അവശേഷിക്കുകയല്ലേ..? അപ്പോൾപിന്നെ പൂർണ്ണമായ നീതി ലഭ്യമാകുന്ന സ്ഥലമെവിടെ?., അങ്ങനെയൊരു പൂർണ്ണ നീതി നടപ്പാക്കാൻ ആർക്കാണ് സാധിക്കുക?., അക്കാര്യത്തിൽ ഈ ലോകം അപൂർണ്ണമാണ് എന്നത് ഒരു മഹാസത്യമല്ലേ?.. പരിചയമില്ലാത്ത വഴിയിലൂടെ കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെ പോലെ അയാളുടെ ചിന്തകൾ ലക്‌ഷ്യം കാണാതെയലഞ്ഞു. രൗദ്രഭാവം പൂണ്ട സാഗരയോരത്തെ തിരമാലകൾ കണക്കെ ചിന്തകൾ മനസ്സിന്റെ ഭിത്തിയിൽ ആഞ്ഞടിച്ചു.
തനിക്കു പരിചയമില്ലാത്ത വഴിയിലൂടെയാണ് തന്റെ ചിന്തകൾ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നത് എന്ന് അയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. ചിന്തയെ ഈ നിലയിൽ തുറന്നുവിട്ടാൽ ഒരു ദൈവത്തിന്റെ ആവശ്യകതയിലേക്ക് താനും ചിന്തിച്ചു പോകുമെന്ന് അയാൾ ഭയപ്പെട്ടു. ഒരു ദൈവീക കോടതിയെ താനും ആഗ്രഹിച്ചു പോകും എന്നത് അയാൾ ഞെട്ടലോടെയോർത്തു . വേണ്ട... ഈ ചിന്തകൾ ഇവിടെവെച്ചു അവസാനിപ്പിക്കാം. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അയാൾ ഉറക്കത്തിലേക്കൂളിയിട്ടു.
==================== അബൂറസീല്‍ ====================
